തിരുവനന്തപുരം: വിദേശസംഭാവന നിയന്ത്രണ നിയമ(എഫ്സിആർഎ) ത്തിന്റെ ചട്ട ഭേദഗതിയിലൂടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിന്മേൽ ഒരു കടന്നാക്രമണംകൂടി കേന്ദ്രസർക്കാർ നടത്തിയിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.
സന്നദ്ധ സംഘടനകൾക്ക് പൊതുവായ പ്രവർത്തനലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടി വിദേശ സംഭാവനയ്ക്ക് ഇനി അനുമതി തേടാനാകില്ല. മതം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ അഞ്ചു വിഭാഗങ്ങളിലായി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള 105 തരം പ്രവർത്തനങ്ങളിൽ ഒന്നാണ് ലക്ഷ്യം എന്ന് വ്യക്തമാക്കണം.
സംഘടനയോ അതിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരോ നടത്തുന്ന പ്രസിദ്ധീകരണങ്ങളും എഴുതുന്ന ലേഖനങ്ങളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാകും.
കേന്ദ്രഭരണത്തിന് മാർഗനിർദേശം നൽകുന്ന സംഘപരിവാറിന്റെ പ്രഖ്യാപിത ശത്രുക്കളായ മത ന്യൂനപക്ഷങ്ങളോടൊപ്പം സർക്കാരിന് അനിഷ്ടകരമായ നിലപാടുകൾ സ്വീകരിക്കുന്ന എൻജിഒ സംഘടനകളെയും നിയമംകൊണ്ട് വരിഞ്ഞു മുറുക്കാനാണ് ചട്ട ഭേദഗതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആര്‍എ ചട്ട ഭേദഗതി പിന്‍വലിക്കണം: പി.ജെ. ജോസഫ്
തൊടുപുഴ: എഫ്സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി. ജെ. ജോസഫ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ എഫ്സിആര്‍എ വ്യവസ്ഥകള്‍ ദുരുപയോഗിക്കപ്പെടുമെന്നുള്ള ആശങ്ക നിലനില്‍ക്കുകയാണ്.
രാജ്യത്തെ എല്ലാ പ്രസ്ഥാനങ്ങളെയും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലുള്‍പ്പെടെ കടുത്ത നിയന്ത്രണത്തിനുള്ള ശ്രമമാണ് ചട്ട ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജോസഫ് പറഞ്ഞു.